ലൈംഗികപീഡന പരാതി ഉന്നയിച്ച യുവതിയുമായി ശോഭാ സുരേന്ദ്രൻ സംസാരിച്ചിട്ടുണ്ട്; സുരേഷ് ഗോപി യുവതിക്ക് പണം നൽകി
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ യുവതി നേരത്തെ ആർഎസ്എസിനും ബിജെപിക്കും പരാതി നൽകിയിരുന്നെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുമ്പ് കോടതി പരിഗണിച്ചിട്ടുള്ളത് സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസും ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട കേസുമാണെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, യുവതിക്കെതിരായ ലൈംഗിക പീഡനക്കേസ് പ്രത്യേകമായി പരിഗണിക്കേണ്ടല്ലേയെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് ബോധ്യമുള്ള കാര്യങ്ങളാണ് യുവതി പരാതിയിൽ ഉന്നയിക്കുന്നതെന്നും സന്ദീപ് വാര്യർ പറയുന്നു. ഇപ്പോൾ രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ച യുവതിയുമായി നേരത്തേ ശോഭാ സുരേന്ദ്രൻ സംസാരിച്ചിട്ടുണ്ടെന്നും സന്ദീപ് വാര്യർ വെളിപ്പെടുത്തി. യുവതിയുടെ സത്യാവസ്ഥ അവർക്ക് ബോധ്യമുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. സുരേഷ് ഗോപി ഈ യുവതിക്ക് ചികിത്സാ സഹായം നൽകിയിട്ടുണ്ട്. കൃഷ്ണകുമാർ നട്ടെല്ല് തകർക്കും വിധത്തിൽ ആക്രമിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിൽ കിടന്നപ്പോൾ സുരേഷ് ഗോപിയാണ് ചികിത്സാസഹായം കൊടുത്തത്. ഇതൊക്കെ നിഷേധിക്കാൻ കഴിയുമോ എന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
അതേസമയം, തനിക്കെതിരെ ഇപ്പോൾ ഉയരുന്ന പരാതികളെ നനഞ്ഞ ഓലപ്പടക്കം എന്നുപറഞ്ഞ് തള്ളിക്കളയുകയാണ് സി കൃഷ്ണകുമാർ. തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. ഭാര്യവീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പരാതിയാണ് ഇതെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി. നേരത്തേ ബിജെപിയുടെ ഉള്ളിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നയാൾ ഇന്ന് കോൺഗ്രസ് പാർട്ടിയിലിരുന്ന് ചെയ്യുന്നു എന്നേയുള്ളെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴുയർന്ന വിവാദത്തിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്നും സി കൃഷ്ണകുമാർ പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭാര്യവീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടതാണ് ഉന്നയിക്കപ്പെട്ടിരിക്കുന്ന പരാതി. 2010-ൽ ഇതരമതസ്ഥനായ ഒരാളെ വിവാഹംകഴിച്ച് എറണാകുളത്ത് താമസമാക്കിയ ആളാണ് പരാതിക്കാരി. വിൽപത്രവുമായി ബന്ധപ്പെട്ട് ഇവർ പ്രശ്നങ്ങളുണ്ടാക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്കിരുന്നു. പരാതി നൽകിയ സമയത്ത്, കേസിന് ബലംകിട്ടാൻ താൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് പരാതി കൊടുക്കുകയായിരുന്നെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
2015-ൽ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ താൻ മത്സരിച്ചപ്പോൾ ഇതേ പരാതി ഉയർന്നിരുന്നു. പിന്നീട് 2020-ൽ തന്റെ ഭാര്യ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇതേ പരാതി ഉയർന്നുവന്നിരുന്നെന്നും സി കൃഷ്ണകുമാർ പറയുന്നു. ഈ പരാതി പൊലീസ് അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് കൊടുത്തിട്ടുള്ളതും കോടതി തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്. ഇത്തരം നനഞ്ഞപടക്കവുമായാണ് വരുന്നത്. വ്യാജപരാതിയാണെന്ന് അറിയാവുന്നതിനാൽ പരാതിക്കാരി നേരത്തെ വാർത്താസമ്മേളനം വിളിച്ച് ഇത് ഉന്നയിച്ചപ്പോൾ മാധ്യമങ്ങൾ വാർത്തകൊടുത്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും സന്ദീപ് വാര്യരുമൊക്കെ എന്തോ പൊട്ടിക്കും, തേങ്ങയുടയ്ക്കും എന്നൊക്കെ പറഞ്ഞപ്പോൾ എന്തോ വലിയ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് താൻ കരുതിയത് എന്ന് സി കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ ഇപ്പോൾ പുറത്തെത്തിയ പരാതി പൊട്ടാതെപോയ നനഞ്ഞ ഓലപ്പടക്കമാണെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വന്ന ആരോപണത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും കൃഷ്ണകുമാർ ആരോപിച്ചു. 2015-ലും 2020-ലും പൊട്ടാതിരുന്ന പടക്കം ഇപ്പോൾ പൊട്ടിച്ചാലും പൊട്ടാൻ പോകുന്നില്ല. എന്ത് ആരോപണം വന്നാലും രാഹുലിനെതിരായ സമരത്തിൽനിന്ന് ബിജെപി പിന്നോട്ടില്ല. രണ്ടുദിവസമായി പടക്കം പൊട്ടിക്കും തേങ്ങയുടയ്ക്കും എന്നൊക്കെ ആരാണ് പറയുന്നത്. ആ വ്യക്തി ബിജെപി ഭാരവാഹിയായിരുന്ന സമയത്തുതന്നെ, 2015-ലും 2020-ലും തനിക്കെതിരേ പാർട്ടിക്കുള്ളിൽനിന്നുകൊണ്ട് ചെയ്യിച്ചതാണ്. ഇപ്പോൾ കോൺഗ്രസിനുള്ളിൽനിന്നും അതാണ് ചെയ്യുന്നത്. തേങ്ങയുടയ്ക്കാൻ പോകുന്നു എന്ന് പറയുമ്പോൾ ഏത് തേങ്ങയാണെന്ന് തനിക്ക് അറിയാമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
കുറച്ചുവർഷം മുൻപ് കൃഷ്ണകുമാറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് പാലക്കാട് സ്വദേശിനിയായ യുവതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. തുടർന്ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകി. എന്നാൽ, ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയിൽ ആരോപിക്കുന്നു.
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായത് ഉൾപ്പെടെയുള്ള ബിജെപി പ്രതിഷേധത്തിന്റെ മുൻനിരയിൽ കൃഷ്ണകുമാറുണ്ട്. എന്നാൽ, ഇത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള ധാർമികമായ യോഗ്യത അദ്ദേഹത്തിനില്ലെന്നും പരാതിക്കാരി പറയുന്നു.
കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ പുറത്തുവരുമെന്നായിരുന്നു ഇന്നലെ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. സിപിഎമ്മുകാർ ഈ കാര്യത്തിൽ അധികം കളിക്കരുതെന്ന മുന്നറിയിപ്പും സതീശൻ നൽകിയിരുന്നു. ബിജെപിക്കും വി ഡി സതീശൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് കാളയയുമായി പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.
‘ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട’- പ്രതിപക്ഷ നേതാവ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ നൽകി. കന്റോൺമെന്റ് ഹൗസിലേക്ക് കാളയുമായി പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകർ കാളയെ കളയരുതെന്നും അത് വൈകാതെ തന്നെ ആവശ്യമായി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകും. കാളയെ കളയരുത്. കാളയെ പാർട്ടി ഓഫീസിന്റെ മുമ്പിൽ തന്നെ കെട്ടിയിടണമെന്നും അദ്ദേഹം പറഞ്ഞു. വെയിറ്റ് ചെയ്താ മതിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.