സമസ്തയും മുസ്‌ലിംലീഗും തമ്മിലുള്ള യോജിപ്പ് ഇല്ലാതാക്കാൻ ചില ഛിദ്രശക്തികൾ ശ്രമിക്കുന്നു….. നിലപാട് വ്യക്തമാക്കി നേതാക്കൾ……

കാഞ്ഞങ്ങാട്: മസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ട്. സമസ്ത എന്ന പണ്ഡിത സമൂഹവും മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും പതിറ്റാണ്ടുകളായി തുടർന്നുവരുന്ന സ്നേഹവും കരുതലും തകർക്കാൻ ചില ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും ആരോപിച്ചു. എന്നാൽ അത് വിലപ്പോവില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവർണജൂബിലി ഉദ്ഘാടനച്ചടങ്ങിലായിരുന്നു സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ടാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിംലീഗും തമ്മിൽ ഭിന്നിപ്പ് ഉണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതു ചെകുത്താന്റെ പ്രവർത്തിയാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഈ കൂട്ടായ്മയുടെ കെട്ടുറുപ്പും സന്തോഷവും ഇല്ലാതാക്കാൻ ആരും പറയാത്ത കാര്യങ്ങൾ പടച്ചു വിടുകയാണ്. യോജിപ്പിൽ വിള്ളൽ വീഴാതിരിക്കാൻ കണ്ണിലെ കൃഷ്ണമണിപോലെ ഈ കെട്ടുറപ്പിനെ കാക്കണം. ഇല്ലാത്തകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ ദൈവത്തോട് മറുപടി പറയേണ്ടി വരും. ഈ സ്നേഹവും സൗഹാർദവും ഒരു പോറലുമില്ലാതെ മുന്നോട്ടുപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയും മുസ്‌ലിംലീഗും തമ്മിലുള്ള യോജിപ്പ് ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയ്ക്കു ഒരു കോട്ടമുണ്ടായാൽ മുസ്‌ലിംലീഗിന്‌ അതു കണ്ണിലെ കരടുപോലെയാണ്. മുസ്‌ലിംലീഗിന്‌ ഒരു പ്രശ്നമുണ്ടായാൽ അതിനെ അതീജീവിക്കാനാകട്ടെയെന്ന് സമസ്ത കണ്ണുനിറഞ്ഞ് ദൈവത്തോട് പ്രാർഥിക്കും. അന്യോനമുള്ള ഈ കരുതൽ കേരളീയ സമൂഹത്തിനുണ്ടാക്കിയത് വലിയ നേട്ടങ്ങളാണ്. ഈ കൂട്ടായ്മ ശത്രുക്കൾക്ക് വലിയ വിഷമമുണ്ടാക്കും. അവരുടെ ശ്രമങ്ങൾക്ക് ചെവി കൊടുക്കാതിരിക്കാൻ കഴിയണം. ആ ശത്രുക്കൾക്കൊപ്പം നിൽക്കരുതെന്ന് സ്നേഹത്തിന്റെ ഭാഷയിൽ വിശ്വാസസമൂഹത്തോട് പറയാനാകണം. പ്രതിസന്ധികളെ പരീക്ഷണങ്ങളായി കണ്ടാൽ മതിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Related Articles

Back to top button