ബോളിവുഡ് താരം സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവ്.. 23 കാരൻ പിടിയിൽ
ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു മുന്നിൽ ചുറ്റിത്തിരിയുകയും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്ത യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന ഗാലക്സി അപ്പാർട്ട്മെന്റിലാണ് കഴിഞ്ഞ 20-ന് രാത്രി ഏഴ് മണിയോടെ യുവാവ് അതിക്രമിച്ച് കയറിയത്.
ഛത്തീസ്ഗഢ് സ്വദേശിയായ 23-കാരൻ ജിതേന്ദ്ര സിംഗാണ് അറസ്റ്റിലായത്.
യുവാവ് രാവിലെ മുതൽ സൽമാൻ ഖാന്റെ വീടിന് മുന്നിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താരത്തിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഒരു വ്യക്തിയോടൊപ്പമാണ് യുവാവ് കെട്ടിടത്തിനുള്ളിലേക്ക് കയറിയത്. എന്നാൽ സൽമാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സൽമാൻ ഖാനെ കാണാൻ ആഗ്രഹമുണ്ടെന്നും അതിനാണ് താൻ എത്തിയതെന്നും യുവാവ് പറഞ്ഞു.
ഛത്തീസ്ഗഢ് സ്വദേശിയായ യുവാവിനെതിരെ അന്വേഷണം നടന്നുവരികയാണ്. നേരത്തെ, സൽമാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയുള്ള സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.