ദിവസം 1500 രൂപ വേതനം, ആലപ്പുഴയിൽ ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ കൗൺസലർ നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുമായി ബന്ധപ്പെട്ട ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ കൗൺസലർ തസ്തികയിലേക്ക് യോഗ്യതയുള്ള കൗൺസലർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കെൽസയുടെ നിർദ്ദിഷ്ട പദ്ധതിയായ ‘സമവായം’ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യത- സൈക്കോളജിയിൽ ബി എ/ ബി.എസ് സി (ഫുൾ ടൈം), സൈക്കോളജിയിൽ എം എ / എം. എസ് സി(ഫുൾ ടൈം) ക്ലിനിക്കൽ / കൗൺസലിംഗ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ വൈദഗ്ദ്ധ്യം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (ഫുൾ ടൈം). ഫാമിലി കൗൺസലിംഗിൽ പിജി സർട്ടിഫിക്കറ്റ്/ ഡിപ്ലോമ അഭിലക്ഷണീയ യോഗ്യതയാണ്
പ്രശസ്തമായ ആശുപത്രികളിൽ/ മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന ക്ലിനിക്കുകളിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ ജോലി പരിചയം. ഫാമിലി ആന്റ് റിലേഷൻഷിപ്പ് കൗൺസലിംഗിൽ ഉള്ള പരിചയം അഭിലക്ഷണീയ യോഗ്യതയാണ്. പ്രായപരിധി 30 വയസ്സും അതിനു മുകളിലും. ഓണറേറിയം ദിവസം 1,500 രൂപ. ജില്ലാ നിയമ സേവന അതോറിറ്റി, സെക്രട്ടറിയുടെ വർക്ക് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം നൽകുന്നത്. താൽപര്യമുള്ള അപേക്ഷകർ മുകളിൽ പറഞ്ഞ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 26ന് വൈകുന്നേരം അഞ്ച് മണിക്കകം നേരിട്ടോ, തപാലിലോ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0477 2262495