പിജെ കുര്യനെ സിപിഎമ്മിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാൻ.. ‘ കോണ്‍ഗ്രസ് വിട്ട് പുരോഗമന നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയും’…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ പരോക്ഷമായി ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍. പി ജെ കുര്യന് കോണ്‍ഗ്രസ് വിട്ട് പുരോഗമന നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ പി ജെ കുര്യന് ഇനിയും സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ആത്മാഭിമാനമുളള ഒരാള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും സജി ചെറിയാന്‍ പറഞ്ഞു.
പി ജെ കുര്യന്റെ വിമര്‍ശനം കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുന്നതാണെന്നും വിമര്‍ശനത്തെ വ്യക്തിപരമായി ആക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദവികള്‍ക്കുവേണ്ടി മുതിര്‍ന്ന നേതാവിനെ തളളിപ്പറയാന്‍ മടിക്കാത്ത സംസ്‌കാരം കോണ്‍ഗ്രസിൽ വളര്‍ന്നുവരികയാണെന്നും വിഷയത്തില്‍ പി ജെ കുര്യന്‍ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സജി ചെറിയാന്റെ പ്രതികരണം.