‘സർക്കാർ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കല്ല.. അമൃതയിലേക്ക് പോകാനാണ് പറഞ്ഞത്’..

വിവാദപ്രസ്താവനയില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്ന് സജി ചെറിയാന്‍ പറഞ്ഞു. എന്തിനാണ് എല്ലാവരും സ്വകാര്യ മേഖലയില്‍ പോകുന്നതെന്ന് ചോദിച്ചപ്പോഴുള്ള മറുപടിയായാണ് 2018ലെ ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവം പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

‘2018ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. എന്റെ രോഗം മൂര്‍ച്ചിച്ചപ്പോള്‍ ആശുപത്രിക്കാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ അമൃത ആശുപത്രിയില്‍ കൊണ്ടുപോയി. ജീവന്‍ രക്ഷിച്ച് കൊണ്ടുവന്നു. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാനല്ല, അമൃതയിലേക്ക് കൊണ്ടു പോകാനാണ് പറഞ്ഞത്. സ്വകാര്യ ആശുപത്രി മോശമാണെന്ന് കാണുന്നയാളല്ല ഞാന്‍. സര്‍ക്കാര്‍ ആശുപത്രി പോലെ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രി കേരളത്തിലുണ്ട്’, സജി ചെറിയാന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രിയില്‍ പോകുന്നത് പാപമാണെന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരിലെ ചെറിയ ആശുപത്രിയിലാണ് താന്‍ പോയതെന്നും അസുഖം വന്ന് ബോധക്കേടായി നില്‍ക്കുമ്പോള്‍ തനിക്കല്ലല്ലോ എവിടെയാണ് പോകേണ്ടതെന്ന് അറിയുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. അമൃതയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ ആളുകള്‍ അവിടെ കൊണ്ടുപോയി. അതിനര്‍ത്ഥം സര്‍ക്കാര്‍ ആശുപത്രികള്‍ മോശമാണെന്നല്ല. എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും താന്‍ പറഞ്ഞത് എങ്ങനെ വേണേലും വ്യാഖ്യാനിക്കാമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുമേഖല ലോകത്തിനും ഇന്ത്യയ്ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button