സെയ്ഫ് അലി ഖാനെ കുത്തിയ കത്തിയുടെ മൂന്നാം ഭാഗം കണ്ടെത്തി.. തടാകത്തിന് സമീപം…
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കാൻ മോഷ്ടാവ് ഉപയോഗിച്ച കത്തിയുടെ മൂന്നാമത്തെ ഭാഗം കണ്ടെത്തി. ബാന്ദ്ര തടാകത്തിന് സമീപത്ത് നിന്നാണ് കത്തിയുടെ ഭാഗം കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം 2.5 ഇഞ്ച് നീളമുളള കത്തിയുടെ ആദ്യ ഭാഗം നടന്റെ ശരീരത്തിൽ നിന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. കത്തിയുടെ മറ്റൊരു ഭാഗം ആക്രമണത്തിന് ശേഷം കണ്ടെടുത്തിരുന്നു.
അതേസമയം ബാന്ദ്രയിലെ നടന്റെ 12 നിലകളുള്ള വസതിയില്‍ നടന്ന കുറ്റകൃത്യം അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് പുനഃസൃഷ്ടിച്ചു. ജനുവരി 16ന് 54കാരനായ നടന്റെ വീട്ടില്‍ മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് പ്രവേശിച്ചത്. ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവിടേയ്ക്കെത്തിയ സെയ്ഫ് അപകടം മനസ്സിലാക്കി ഷെരീഫുളിനെ പിടിച്ചുവെക്കുകയായിരുന്നു. ഈ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഷെരീഫുള്‍ സെയ്ഫിന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു.