തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍…തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രാജിവെച്ചത്…
സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍. തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അനന്തുകൃഷ്ണന്റെ നാല് കമ്പനികളാണ് ഇതില്‍ ഭാഗമായിട്ടുള്ളതെന്നും പണം മുഴുവന്‍ സ്വീകരിച്ചതും റസീറ്റ് കൊടുക്കുന്നതും കരാറുണ്ടാക്കിയതും അയാളാണെന്നും അനന്തുകൃഷ്ണന്റെ ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രാജിവെച്ചതെന്നും ആനന്ദകുമാര്‍ പറഞ്ഞു.
നമ്മുടെ കൂടെ കൂടുന്നവര്‍, നമ്മളെ ചതിക്കാനാണെന്ന് മനസിലായില്ല. ചതിക്കപ്പെടുകയാണുണ്ടായത്. എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍ ആയിരുന്ന സമയത്ത് സ്‌കൂട്ടര്‍ വിതരണം, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിപാടികളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ഏഴെട്ട് മാസമായി കോണ്‍ഫഡറേഷനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാലി വിന്‍സന്റ് ആണ് അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത്. പിന്നീട് നാഷണല്‍ എന്‍ജിഒ കോൺഫെഡറേഷന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹത്തെ കാണുന്നത്. അതിന് ശേഷം അദ്ദേഹം ചില പ്രൊജക്ടുകള്‍ സമര്‍പ്പിച്ചു. അത് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബോര്‍ഡ് ചര്‍ച്ച ചെയ്തു. ആ പ്രൊജക്ടുകളുടെ സാമ്പത്തിക ഉത്തരവാദിത്വം ഉള്‍പ്പടെ പരിപൂര്‍ണ ഉത്തരവാദിത്വം അനന്തു കൃഷ്ണനും അനന്തുകൃഷ്ണന്റെ കമ്പനിക്കുമായിരിക്കുമെന്നും അന്നത്തെ മിനുട്‌സിലും എഴുതിയിരുന്നു.
എന്നാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ബോര്‍ഡ് മീറ്റിങില്‍ കണക്കുകള്‍ ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ലെന്നും ഈ സുതാര്യതക്കുറവ് തിരിച്ചറിഞ്ഞാണ് സംഘടനയില്‍ നിന്ന് രാജിവെച്ചതെന്നും രാജിവെച്ചിട്ട് ഏഴെട്ട് മാസമായെന്നും ആനന്ദകുമാര്‍ പറഞ്ഞു.
ഒരു വര്‍ഷക്കാലമാണ് താന്‍ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്നതെന്നും ആനന്ദകുമാര്‍ പറയുന്നു. താനാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനെ ഉപദേശകസ്ഥാനത്തേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉപദേശകനായതിനാല്‍ സംഘടനയുടെ കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ തട്ടിപ്പുമായി സൂചന കിട്ടിയപ്പോഴാണ് അദ്ദേഹം രാജിവെച്ചത്. അദ്ദേഹത്തിന് പിന്നാലെ താനും രാജിവെച്ചെന്നും ആനന്ദകുമാര്‍ പറഞ്ഞു.