ശബരിമല സ്വർണകൊള്ള കേസിൽ നാളെ നിര്‍ണായകം

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറി‍ന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പത്മകുമാര്‍ ജാമ്യഹർജി സമർപ്പിച്ചത്. തിരുവിതാംകൂര്‍ ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്‍റെ ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിലെ പ്രധാന ചോദ്യം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നാണ് വാദം. തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്.

അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസിൽ നാളെ നിര്‍ണായക ദിവസമാണ്. ശബരിമല സ്വർണകൊള്ള കേസിൽ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘം കൂടുതൽ സമയം ആവശ്യപ്പെടും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നത്. മുൻ ദേവസ്വം പ്രസിഡൻറ് പത്മകുമാറിന്‍റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ നാളെ കോടതിയെ അറിയിക്കും. 

Related Articles

Back to top button