ശബരിമല സ്വർണക്കവർച്ച കേസ്; ഇഡിയ്ക്ക് മുന്നിൽ ഹാജരായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു, ചോദ്യം ചെയ്യൽ ആരംഭിച്ചു

ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. കൊച്ചിയിലെ സോണൽ ഓഫീസിലാണ് വാസു ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ വാസു ഒപ്പുവെച്ചുവെന്ന് എസ്ഐടി നേരത്തെ കണ്ടെത്തുകയും ഇദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വാസുവിനെ വിളിപ്പിച്ചത്.
കേസിൽ മാർച്ച് ആദ്യവാരം ഹാജരാകാൻ എൻ വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്ന് മാസത്തോളം ജയിലിലായിരുന്ന എൻ വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇഡിയുടെ നടപടി. ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ടുപേർ സാക്ഷിപ്പട്ടികയിലുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. വാസുവിനെ ചോദ്യം ചെയ്ത ശേഷം തന്ത്രിയെയും ഇഡി ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിലവിൽ നോട്ടീസ് നൽകിയിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം അവസാനമായിരിക്കുന്ന പോറ്റിയെ ചോദ്യം ചെയ്യുക. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടൻ ജയറാം ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്ചകളിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
സ്വർണക്കൊള്ളയിൽ അറസ്റ്റിലായ വാസു ഉൾപ്പെടെ ഉള്ള പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് ഇഡി കടന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള ചോദ്യം ചെയ്യൽ ആരംഭിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള ഓരോരുത്തരെയായി വരും ദിവസങ്ങളിൽ ഇഡി വിളിച്ചുവരുത്തുകായും ചോദ്യം ചെയ്യുകയും ചെയ്യും.
ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കയ്യിൽ സ്വർണപ്പാളികൾ തീരുമാനിച്ചത് 2019 ഫെബ്രുവരി 26ന് എൻ വാസു നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ്. ഇതനുസരിച്ച് മാർച്ച് 19-ലെ ബോർഡ്‌യോഗം പോറ്റിയുടെ കൈയിൽ സന്നിധാനത്തെ സ്വർണപ്പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചു. ഇതനുസരിച്ച് ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വർണപ്പാളികൾ കൊണ്ടുപോയത്. ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ വാസുവെന്നാണ് എസ്ഐടി കണ്ടെത്തൽ. അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമായത്. പിന്നീട് ദ്വാരപാലക ശില്പപാളികളുടെ കാര്യത്തിലും ഇതേ തട്ടിപ്പ് തുടർന്നു.



