ശബരിമല സ്വർണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസർക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിൻറെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.സിജു രാജൻ ഹാജരായി. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

Related Articles

Back to top button