ശബരിമല സ്വർണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാർ ഇന്ന് ജയിലിന് പുറത്തിറങ്ങും, അതേസമയം കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ബുധനാഴ്ച വാദം കേൾക്കും.
പാളികളിൽ സ്വർണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സുധീഷ്‌കുമാറിനെതിരേയുള്ള കേസ്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്.
2019ൽ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു സുധീഷ് കുമാർ. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാർ പോറ്റിയെ സ്‌പോൺസർ ആക്കാമെന്ന ശുപാർശ ബോർഡിന് നൽകിയത്. സ്വർണം പൊതിഞ്ഞതാണ് എന്ന് അറിഞ്ഞിട്ടും പാളികൾ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതിരുന്നിട്ടും മഹസറിൽ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു. ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും.

