ശബരിമല സ്വർണക്കൊള്ളക്കേസ് എ പത്മകുമാർ ജയിൽമോചിതനായി…

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ ജയിൽ മോചിതനായി. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് പോയത്. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശില്പ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹർജി നൽകിയത്. രണ്ടാമത്തെ കേസുകളും ജാമ്യം ലഭിച്ച പത്മകുമാർ വൈകുന്നേരത്തോടെയാണ് ജയിൽ മോചിതനായത്.

കട്ടളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ നവംബർ 20 നാണ് പത്മകുമാർ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ 2 നാണ് ദ്വാരപാലക കേസിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വാഭാവിക ജാമ്യത്തിന്‍റെ ആനുകൂല്യം അതിലും പത്മകുമാറിന് കിട്ടി. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണകൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിൽ കുറ്റപത്രം സമർപ്പിക്കാത്തതിന്‍റെ ആനുകൂല്യം നേടി പുറത്തിറങ്ങുന്ന ആറാമത്തെ പ്രതിയാണ് പത്മകുമാർ.

Related Articles

Back to top button