എ. പത്മകുമാറിൻറെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കവർച്ച കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിൻറെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന. കഴിഞ്ഞ രണ്ട് മണിക്കൂറായി പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. അതിനിടെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. എ. പത്മകുമാർ നടപടിക്രമങ്ങൾ മറികടന്നുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മരാമത്ത് പ്രെസീജയർ മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നാണ് കണ്ടെത്തൽ. 2019ൽ ചേർന്ന ദേവസ്വം യോഗത്തിൽ പത്മകുമാർ സ്വന്തം കൈപ്പടയിൽ പച്ചമഷികൊണ്ട് ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. കട്ടിള പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിൻറെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാറിനും അപേക്ഷ നൽകിയിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാൻ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫയലൊന്നും താൻ കണ്ടിട്ടില്ലെന്ന് കടകംപള്ളി വിശദീകരിക്കുമ്പോഴാണ് പത്മകുമാറിൻറെ നിർണ്ണായക മൊഴി. പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടോയെന്നതടക്കം പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളിയുമായുളള പല ചിത്രങ്ങൾ ഇതിനകം പുറത്ത് വന്നിരുന്നു. പോറ്റിയുടെ സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് മണ്ഡലത്തിൽ കടകംപള്ളി ചില പദ്ധതികൾ നടത്തിയതായും എസ്ഐടിക്ക് വിവരമുണ്ട്.

Related Articles

Back to top button