ശബരിമല സ്വർണക്കടത്ത്…ഡി മണി’യെ കണ്ടെത്തി….എസ്ഐടി ചെന്നൈയിലേക്ക്

തിരുവനന്തപുരം: പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ചെന്നൈ സ്വദേശി ‘ഡി മണി’യെ കണ്ടെത്തി എസ്ഐടി. ഇയാളെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. മൊഴി നൽകാമെന്ന് ഡി മണി സമ്മതിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇയാളുടെ മൊഴി രേഖപ്പെടുത്താൻ എസ്ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക് പുറപ്പെട്ടു.
ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ചെന്നൈ സ്വദേശിയായ ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയത്.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയായി ശബരിമലയിലെ ഒരു ഉന്നതൻ പണം വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തൽ. വിഗ്രഹത്തിന് പണം കൈമാറിയത് 2020 ഒക്ടോബർ 26നാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചായിരുന്നു പണം നൽകിയത്. ഇതുവരെ പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഉന്നതന്റെ വിവരങ്ങൾ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.




