ശബരിമല സ്വർണക്കൊള്ള കേസിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ഇ ഡി നോട്ടീസ്

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ ഡി നടപടി.
ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതോടെ ശ്രീകുമാര്‍ ജയില്‍ മോചിതനാകുകയും ചെയ്തു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. താന്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നാണ് ശ്രീകുമാർ കോടതിയിൽ ഉന്നയിച്ച വാദം. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒപ്പിടുകയെന്നത് ഉത്തരവാദിത്വമായിരുന്നുവെന്നും ശ്രീകുമാര്‍ വാദിച്ചിരുന്നു.



