ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളിയെ വീണ്ടും വിളിപ്പിക്കാന്‍ എസ്ഐടി; പി എസ് പ്രശാന്തിനെ ചോദ്യം ചെയ്യാനും നീക്കം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിടാതെ പ്രത്യേക അന്വേഷണ സംഘം. കടകംപള്ളി നല്കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. സ്പോണ്സര് എന്ന നിലയില്‍ മാത്രമാണ് ഉണ്ണികൃഷ്ണന് പോറ്റിയെ തനിക്ക് അറിയുകയുള്ളൂ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന് നേരത്തേ എസ്ഐടിക്ക് നല്കിയ മൊഴി. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശല്‍ അടക്കം തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേതായിരുന്നുവെന്നും വകുപ്പിന് ഇതേപ്പറ്റി യാതൊരു അറിവുമില്ലായിരുന്നുവെന്നും കടകംപള്ളി നേരത്തേ മൊഴി നൽകിയിരുന്നു. എന്നാല്‍ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി പോയതിന്റെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് എസ്ഐടി. വിശദമായ പരിശോധനയ്ക്ക് ശേഷം കടകംപള്ളിയെ വീണ്ടും വിളിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. 2019 മുതലുള്ള കടകംപള്ളിയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് എസ്ഐടി തീരുമാനിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു കടകംപള്ളിയെ വിളിച്ചുവരുത്തി എസ്ഐടി മൊഴി രേഖപ്പെടുത്തിയത്. 2019 ല്‍ സ്വർണ്ണപാളി കൊണ്ടുപോകാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം വകുപ്പിന് അപേക്ഷ നല്‍കിയെന്നും അതില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് ദേവസ്വം വകുപ്പില്‍ നിന്ന് ബോര്‍ഡിലേക്ക് അപേക്ഷ കൈമാറിയെന്നുമായിരുന്നു പത്മകുമാര്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു അപേക്ഷ കണ്ടില്ലെന്നും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്. ഉണ്ണികൃഷ്ണന് പോറ്റിയെ സ്പോണ്സര് എന്ന നിലയില്‍ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ കടകംപള്ളി പോയിരുന്നുവെന്ന, പോറ്റിയുടെ അയല്‍വാസി വിക്രമന് നായരുടെ വെളിപ്പെടുത്തല്‍ വരുന്നത്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ രണ്ട് തവണ കടകംപള്ളി സുരേന്ദ്രന് പോയിരുന്നു എന്നാണ് വിക്രമന് നായര്‍ പറഞ്ഞത്. ദേവസ്വം മന്ത്രിയായിരുന്ന സമയത്താണ് കടകംപള്ളി പോറ്റിയുടെ വീട്ടില്‍ എത്തിയത്. അന്ന് കടകംപള്ളിയുമായി താന്‍ സംസാരിച്ചുന്നു. ആദ്യം വന്ന സമയത്ത് അദ്ദേഹം വേഗത്തില്‍ തിരിച്ചുപോയിരുന്നു. രണ്ടാം തവണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയതെന്നും വിക്രമന് നായര്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തതിന്റെ മഹസര്‍ സാക്ഷിയാണ് വിക്രമന് നായര്‍.




