ശബരിമല സ്വർണ്ണക്കൊള്ള…. ‘പിത്തള’ തിരുത്തി ‘ചെമ്പാക്കി’… രേഖകളിൽ അട്ടിമറി നടത്തിയത് എ. പത്മകുമാറെന്ന് SIT കണ്ടെത്തൽ…

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക തെളിവുകൾ പുറത്ത്. ദേവസ്വം ബോർഡ് മിനുട്‌സിൽ തിരുത്തൽ വരുത്തിയത് മുൻ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ പ്രധാന തെളിവായ 2019-ലെ യോഗത്തിന്റെ മിനുട്‌സ് പകർപ്പിലാണ് അട്ടിമറി നടന്നിരിക്കുന്നത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന ‘പിത്തള’ ഭാഗങ്ങളിൽ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് മിനുട്‌സിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇതിൽ ‘പിത്തള’ എന്ന വാക്ക് വെട്ടിത്തിരുത്തി ‘ചെമ്പ്’ എന്ന് മാറ്റുകയായിരുന്നു. സ്വർണ്ണക്കൊള്ളയ്ക്ക് മറപിടിക്കാനാണ് ഈ തിരുത്തൽ വരുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മിനുട്‌സിൽ നേരിട്ട് തിരുത്തൽ വരുത്തിയത് എ. പത്മകുമാറാണെന്ന് വ്യക്തമായ തെളിവുകൾ സഹിതമാണ് SIT റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ തിരുത്തൽ വരുത്തിയ മിനുട്‌സിൽ ബോർഡ് മുൻ അംഗങ്ങളായ എൻ. വിജയകുമാറും കെ.പി. ശങ്കരദാസും ഒപ്പിട്ടിട്ടുണ്ട്. സ്വർണ്ണക്കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയും ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്തതിലൂടെ ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടെന്നാണ് സൂചന.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ജാമ്യം ലഭിച്ചതിനെത്തുടർന്ന് ഈ മാസത്തിന്റെ തുടക്കത്തിലാണ് എ. പത്മകുമാർ ജയിൽ മോചിതനായത്. എന്നാൽ, രേഖകളിലെ കൃത്രിമം സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ പുറത്തുവന്നതോടെ പത്മകുമാറിനും മറ്റ് മുൻ ബോർഡ് അംഗങ്ങൾക്കും വീണ്ടും കുരുക്ക് മുറുകുകയാണ്.



