ശബരിമല കൊടിമര വിവാദം… കേസിൽ തുടർനടപടികൾ വേണ്ടെന്ന് ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നടപടി. സംഭവത്തിൽ ക്രമക്കേടുകൾ നടന്നതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

കൊടിമര പുനർനിർമ്മാണത്തിനായി ഭക്തർ നൽകിയ 412 ഗ്രാം സ്വർണ്ണവും വാചിവാഹന, അഷ്ടദിക് പാലകർ എന്നിവയുടെ നിർമ്മാണത്തിനായി പൂർണ്ണമായും ഉപയോഗിച്ചുവെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണം സ്വീകരിച്ചതിന് കൃത്യമായ ദേവസ്വം രസീതുകൾ നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. സിനിമാ താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങി 23 പേരുടെ മൊഴികൾ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ആകെ 27 പേരാണ് കൊടിമര നിർമ്മാണത്തിനായി സ്വർണ്ണം സംഭാവന നൽകിയത്. ഇതിൽ നാല് പേരുടെ പൂർണ്ണമായ വിശദാംശങ്ങൾ ലഭ്യമായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

എ.എസ്.പി കുറുപ്പിന്റെ നേതൃത്വത്തിലാണ് സ്വർണ്ണം ശേഖരിച്ചത്. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് ത്വരിതാന്വേഷണം നടത്തിയത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെ കേസ് അവസാനിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. വർഷങ്ങളായി നിലനിന്നിരുന്ന വിവാദത്തിനാണ് ഹൈക്കോടതി ഉത്തരവോടെ വിരാമമായിരിക്കുന്നത്. ശബരിമല വികസന പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന നിർദ്ദേശത്തോടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.

Related Articles

Back to top button