തൂക്കം നോക്കാതെ പേരിന് തയ്യാറാക്കിയ മഹസർ, താങ്ങുപീഠം തിരുവാഭരണ രജിസ്റ്ററിൽ ചേർത്തില്ല.. നിർണായക മൊഴി
2019 സെപ്റ്റംബർ 11-ന് ദ്വാരപാലക ശിൽപ്പങ്ങൾ ശബരിമലയിൽ തിരികെ എത്തിച്ച് സ്ഥാപിക്കുമ്പോൾ, തൂക്കം നോക്കാതെയാണ് മഹസർ തയ്യാറാക്കിയതെന്ന് ശബരിമലയിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.എസ്. രാജേന്ദ്ര പ്രസാദിന്റെ മൊഴി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് നിർണായക മൊഴിയുള്ളത്. ഈ മഹസർ പേരിനു വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
ബോർഡ് ഉത്തരവ് പ്രകാരം 2020-21 കാലഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ചു കൊണ്ടുവന്ന സ്വർണ്ണം പൂശിയ താങ്ങുപീഠം തിരുവാഭരണ രജിസ്റ്ററിലോ മറ്റ് രജിസ്റ്ററുകളിലോ ഒന്നും ചേർത്തിരുന്നില്ല. ദ്വാരപാലക ശിൽപ്പത്തിൽ അത് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ മഹസറും തയ്യാറാക്കിയില്ല. പിന്നീട് താങ്ങുപീഠം കാണാതാവുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2025-ൽ ഇത് സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെടുത്തുവെന്ന് രാജേന്ദ്ര പ്രസാദിന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.
ശബരിമലയിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന കെ. രാജേന്ദ്രൻ നായരും സമാനമായ മൊഴിയാണ് നൽകിയിരിക്കുന്നത്. പോറ്റി 2020-21ൽ നിർമ്മിച്ചു കൊണ്ടുവന്ന സ്വർണ്ണം പൂശിയ താങ്ങുപീഠം തിരുവാഭരണ രജിസ്റ്ററിൽ ചേർക്കാതിരിക്കുകയും, സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ മഹസർ തയ്യാറാക്കാതിരിക്കുകയും പിന്നീട് കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്പോൺസറുടെ (പോറ്റിയുടെ) ബന്ധുവീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തതായി അദ്ദേഹവും മൊഴി നൽകുന്നു.