അയ്യപ്പസംഗമം: ചെലവ് മൂന്നുകോടി കവിയും, മാസ്റ്റർപ്ലാനിനു പുറത്ത് ശബരിമല വികസനം നടക്കില്ല..

ശബരിമലവികസനത്തിന് പമ്പയിൽ നടക്കുന്ന അയ്യപ്പസംഗമത്തിൽ സാമ്പത്തികപങ്കാളിത്തം ഉറപ്പായാലും ശബരിമല ഉന്നതാധികാര സമിതിയുടെയും മാസ്റ്റർപ്ലാൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെയും അനുമതിയോടെമാത്രമേ പദ്ധതികൾ നടപ്പാക്കാനാവൂ. അയ്യപ്പസംഗമംവഴി ഭാവിയിൽ ശബരിമലവികസനത്തിന് ആരെങ്കിലും പണംചെലവിടാൻ തയ്യാറായാൽ ഹൈക്കോടതിയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന ശബരിമല മാസ്റ്റർപ്ലാൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്ക്‌ തുക കൈമാറേണ്ടിവരും.

ശബരിമലയ്ക്കുപുറത്തുനിന്ന് പണം സമാഹരിക്കാനാണ് വർഷങ്ങൾക്കുമുൻപ്‌ ഫണ്ട് രൂപവത്കരിച്ചത്. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് ചെയർമാനായ മാസ്റ്റർപ്ലാൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സമിതിയിലെ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളുടെ അയ്യപ്പഭക്തരായ ഉടമകളോ അവരുടെ പ്രതിനിധികളോ ആണ്.

ഉന്നതാധികാരസമിതിയും മാസ്റ്റർപ്ലാൻ അംഗീകരിച്ചതുമായ പദ്ധതികൾക്ക് പുറത്തേക്ക്‌ സംഗമത്തിലെ വികസനചർച്ച പോയാൽ അതിൽ ഗുണമുണ്ടാവില്ല. തിരുവനന്തപുരം എൻജിനിയറിങ് കോളേജ് തയ്യാറാക്കിയ രൂപരേഖയും പദ്ധതിരേഖയും അനുസരിച്ചുള്ള വികസനചർച്ചകളേ ഉണ്ടാകൂ എന്നാണ് ബോർഡിന്റെ വിശദീകരണം.

സർക്കാരിനോ ദേവസ്വംബോർഡിനോ സ്വന്തംനിലയ്ക്ക് മാസ്റ്റർപ്ലാനിൽ മാറ്റംവരുത്താനോ വൻകിടപദ്ധതികൾ നടപ്പാക്കാനോ കഴിയില്ല. ശബരിമല ഉന്നതാധികാര സമിതിയിലെ ഉദ്യോഗസ്ഥരും സംഗമത്തിൽ പങ്കെടുക്കും. ജസ്റ്റിസ് എസ്. സിരിജഗനാണ് ചെയർമാൻ. ശബരിമലയിലും പമ്പയിലുമായി നടപ്പാക്കുന്ന 1033.62 കോടിയുടെ പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നു. മാസ്റ്റർപ്ലാനിലെ നിർദേശങ്ങൾക്കനുസരിച്ചുള്ള വികസനത്തിന് പണംകണ്ടെത്താനുള്ള ശ്രമത്തെ ഉന്നതാധികാരസമിതിയും എതിർക്കില്ല.

സംഗമത്തിന് മൂന്നുമുതൽ നാലുകോടിവരെ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. തുക സ്‌പോൺസർമാർ വഴി കണ്ടെത്താനാണ് ബോർഡിന്റെ ശ്രമം. ഒരുദിവസത്തെ ചർച്ചയിൽ എന്തുവികസനമാണ് നടക്കുകയെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. പ്രാഥമികചർച്ചകളേ ഉണ്ടാകാനിടയുള്ളൂ എന്നതിനാൽ തുടർന്നും യോഗങ്ങൾ വേണ്ടിവരും.

Related Articles

Back to top button