പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്.. പൊലീസുകാർക്ക് പണികിട്ടി.. ശബരിമലയും പരിസരവും വൃത്തി…
ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിൽ പോലീസുകാർക്കെതിരെ നടപടി. കടുത്ത നടപടികൾ വേണ്ടെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിർദ്ദേശം വെച്ചത്.ഫോട്ടോഷൂട്ട് വിവാദത്തിൽ ഉൾപ്പെട്ട 25 പോലീസുകാർ ശിക്ഷാ നടപടിയുടെ ഭാഗമായി കെ.പി.എ നാല് നാല് ബറ്റാലിയനിൽ നാലു ദിവസത്തെ പ്രത്യേക പരിശീലനം നൽകും. കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
കഴിഞ്ഞ തിങ്കളാഴ്ച പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോഷൂട്ട് വിവാദത്തിൽ പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയിൽ നിന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദമായത്. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും , ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും, തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമർശം നടത്തിയിരുന്നു.