കണ്ണപുരം സ്ഫോടന കേസ്; പ്രതി അനു മാലിക് പിടിയിലായത് ഒളിവിൽ പോകാൻ ശ്രമിക്കവേ
കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. കീഴറയിലെ സ്ഫോടനം നടന്ന ഇടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്യും. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വൻ സ്ഫോടനമുണ്ടായത്. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവസമയത്ത് അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ഈ വീട് വാടകയ്ക്കെടുത്തത് അനൂപ് മാലികാണ്.
2016 മാർച്ചിൽ കണ്ണൂരിലെ പൊടി ക്കുണ്ടിൽ വൻ നാശമുണ്ടാക്കിയ സ്ഫോടനത്തിന് പിന്നിലും അനൂപ് മാലിക് ആയിരുന്നു. അനൂപിന് കോൺഗ്രസ് ബന്ധം ഉണ്ടെന്ന് അന്നുയർത്തിയ ആരോപണം ഇപ്പോൾ വീണ്ടും ഉയർത്തുകയാണ് സിപിഎമ്മും ബിജെപിയും. അതേസമയം, ഈ ആരോപണം കോൺഗ്രസ് തള്ളുന്നു. 2016 മാർച്ചിൽ നല്ല ജനവാസമുള്ള പൊടിക്കുണ്ട് രാജേന്ദ്ര നഗറിൽ നടന്ന സ്ഫോടനത്തിൽ 7 വീടുകൾക്ക് കാര്യമായ നാശവും 9 വീടുകൾക്ക് ഭാഗികമായ നാശനഷ്ടവും ഉണ്ടായിരുന്നു. പത്ത് പേരിൽ നാലുപേർക്ക് ഗുരുതരമായ പരിക്കിമേറ്റിരുന്നു. അന്ന് അനൂപ് മാലിക്കിനെ കൂടാതെ പെൺ സുഹൃത്ത് രാഹില അടക്കം മൂന്ന് പേരെയാണ് പൊലീസ് പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചത്. നാല് കോടി രൂപയുടെ നഷ്ടമുണ്ടായി വലിയ ജനവികാരം ഉണർന്നിട്ടും പൊലീസ് അന്വേഷണം ആഴത്തിൽ നടന്നില്ല. കെ സുധാകരനാണ് അനൂപിന് പിന്നിൽ എന്ന ആരോപണം അന്ന് സിപിഎം ഉയർത്തി. ഉടൻ ഭരണം മാറി സിപിഎം അധികാരത്തിലേറെ എങ്കിലും അന്വേഷണം പരിമിതമായിരുന്നു. ഇപ്പോൾ വീണ്ടും കോൺഗ്രസിനെ ലാക്കാക്കി ആരോപണം ഉയർത്തുകയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ബിജെപിയും ഈ ആരോപണത്തെ തുണക്കുന്നു