ഷോറൂമിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന വാഹനം മറ്റൊരിടത്തേക്ക് മാറ്റി…ബൈക്കിന്‍റെ പിൻചക്രം മോഷ്ടിച്ച് കടന്നു…

ഷോറൂമിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ബൈക്കിന്‍റെ പിൻചക്രം മോഷണം പോയി. മലയിൻകീഴ് എം കെ ബജാജ് ഷോറൂമിലെത്തിച്ച ബജാജ് ഡോമിനാർ 400 സി.സി ബൈക്കിന്‍റെ പുറക് ഭാഗത്തെ ടയറും അനുബന്ധഭാഗങ്ങളുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യത്തിൽ നിന്നും രാത്രി 12.30ന് ഷോറൂമിന് സമീപമെത്തിയ മോഷ്ടാവെന്നു കരുതുന്നയാളിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്
ഷോറൂമിന് വെളിയിലുണ്ടായിരുന്ന വാഹനം മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ് വീൽ ഊരിയെടുത്തിട്ടുള്ളത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കിൽ നിന്നും അരലക്ഷം രൂപ വിലയുള്ള യന്ത്രഭാഗങ്ങളാണ് കവർന്നത്. വില്പന നടത്തുന്നതിന് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി സൂക്ഷിച്ചിരുന്നതാണ് വാഹനം. മലയിൻകീഴ് പൊലീസിൽ ഷോറും ഉടമ പരാതി നൽകിയതിൽ അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് പ്രധാന റൂട്ടുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇവരുടെ ചിത്രം പതിഞ്ഞിട്ടില്ലാത്തതിനാൽ മറ്റ് വഴികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്