‘യുവാവ് ജീവനൊടുക്കിയതില്‍ സമഗ്ര അന്വേഷണം വേണം’.. അനാവരണം ചെയ്യപ്പെട്ടത് ആര്‍എസ്എസിന്റെ മനുഷ്യവിരുദ്ധ മുഖം…
ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോട്ടയം സ്വദേശിയായ യുവാവിന്‍റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വി കെ സനോജ് പറഞ്ഞു. ആര്‍എസ്എസ് ശാഖയില്‍ വച്ച് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുന്‍പ് യുവാവ് ഇന്‍സ്റ്റഗ്രാം വഴി പങ്ക് വെച്ചതെന്നും ആര്‍എസ്എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്നും വി കെ സനോജ് വ്യക്തമാക്കി.
‘എത്ര മാത്രം അകറ്റി നിര്‍ത്തേണ്ട ആശയവും പ്രവര്‍ത്തിയുമാണ് ആര്‍എസ്എസ് മുന്നോട്ടുവെക്കുന്നത് എന്ന് യുവാവ് ജീവിതം അവസാനിപ്പിക്കും മുമ്പ് കുറിച്ചിരിക്കുന്നു. സഹജീവി സ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കി, മനുഷത്വം ഇല്ലാത്തവരാക്കി മാറ്റുന്ന ഇത്തരം ശാഖകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ എത്താതിരിക്കാന്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണം. അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ പോലും ആര്‍എസ്എസ് ആണെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കണം എന്ന് പറയണമെങ്കില്‍ യുവാവ് എത്ര മാത്രം പീഡിപ്പിക്കപ്പെട്ടു എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. യുവാവിന്‍റെ ഘാതകരായ ആര്‍എസ്എസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’, വി കെ സനോജ് പറഞ്ഞു.
ആര്‍എസ്എസ് ശാഖയില്‍വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. കോട്ടയം തമ്പലക്കാട് സ്വദേശിയാണ് ജീവനൊടുക്കിയത്.