ഭരണഘടന ഭേദഗതി ആവശ്യവുമായി ആര്‍ എസ് എസ്.. സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഇനി വേണ്ട..

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ദത്താത്രേയ ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു.

അടിയന്തരാവസ്ഥ നടപ്പിലാക്കിയവരാണ് ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്നത്. അവര്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂര്‍വ്വികരാണ് അത് ചെയ്തത്. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് മാപ്പ് പറയണം എന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടായിരുന്നു പരാമര്‍ശം.

നേരത്തെ തന്നെ ഇത്തരമൊരു ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നതാണ്. 2024 നവംബറില്‍ സമാനമായ ആവശ്യമുര്‍ന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ജഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി അന്ന് പ്രഖ്യാപിച്ചത്. സോഷ്യലിസം എന്നത് അതിന്റെ പുസ്തത്തില്‍ പറയുന്ന രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രിത സാമ്പത്തിക സാമ്പത്തിക സംവിധാനം എന്ന് കണക്കാക്കേണ്ടതില്ല. ഇന്ത്യയെ സംബന്ധിച്ച് എല്ലാവര്‍ക്കും തുല്യ അവസരവും വികസനവും ഉറപ്പ് വരുത്തുന്ന തരത്തിലുള്ള ക്ഷേമരാഷ്ട്ര സങ്കല്‍പമായി അതിനെ കണ്ടാല്‍ മതി. മതേതരത്വം എന്നത് ഓരോ പൗരന്റെയും മതസ്വാതന്ത്ര്യം കൂടി ഉറപ്പ് വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് വാക്കുകളിലും പ്രശ്‌നമില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

അതേസമയം ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം മതേതരം എന്നീ വാക്കുകള്‍ നീക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം ഭരണഘടനയെ തകര്‍ക്കാനുള്ള ദീര്‍ഘകാല ഗൂഢാലോചന എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആര്‍എസ്എസ്. ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമത്തെ കോണ്‍ഗ്രസ് ചെറുക്കുമെന്നാണ് വ്യക്തമാക്കിയത്.

Related Articles

Back to top button