ലോകമെമ്പാടും മതപരിവർത്തന ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതും നയിക്കുന്നതും കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരും

ക്രൈസ്തവ സഭകളെ കടുത്ത ഭാഷയിൽ വിമർശിച്ച് ആർഎസ്എസ് മുഖപത്രം. ജി കെ സുരേഷ് ബാബു കേസരിയിൽ എഴുതിയ ലേഖനത്തിലാണ് ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷവിമർശനമുള്ളത്. ആവശ്യങ്ങൾ സാധിപ്പിക്കാൻ ബിജെപി നേതൃത്വത്തോട് അടുത്തുനിൽക്കുകയും പിന്നീട് പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന ഇരട്ട നിലപാടാണ് സഭകൾ കൈക്കൊള്ളുന്നതെന്ന് ലേഖനത്തിൽ ആരോപിക്കുന്നു.

‘സഭകൾ വിരട്ടുന്നത് ആരെ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, മെത്രാന്മാരും സഭാ നേതാക്കളും ചരിത്രപരമായി ബിജെപിക്ക് പിന്തുണ നൽകിയിട്ടില്ലെന്നും, മറിച്ച് സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് എതിരായ നിലപാടുകളാണ് എടുത്തതെന്നും പറയുന്നു. എന്നാൽ ഇപ്പോൾ എഫ്‌സിആർഎ നിയമഭേദഗതിയെ ചൂണ്ടിക്കാട്ടി “രക്തസാക്ഷി” പരിവേഷവുമായി രംഗത്തെത്തുന്നതിനെ ലേഖനം വിമർശിക്കുന്നു.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് ബിജെപിയും സംഘപരിവാർ സംഘടനകളും എല്ലായ്പ്പോഴും സൗഹാർദ്ദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ലേഖനം അവകാശപ്പെടുന്നു. ഇരുപക്ഷങ്ങൾക്കിടയിലെ അകലം വർധിക്കാൻ പ്രധാന കാരണം മതപരിവർത്തന പ്രവർത്തനങ്ങളാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകമെമ്പാടും മതപരിവർത്തന ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ് എന്നും ലേഖനത്തിൽ തുറന്നു വിമർശിക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയങ്ങൾ ഉയർത്തി വോട്ട് ബാധിക്കുമെന്ന് സൂചന നൽകുന്ന സഭാ നിലപാടുകൾ വിമർശിച്ച ലേഖനം, ബിജെപിയുടെ വളർച്ച ദേശവിരുദ്ധ ശക്തികളുടെ പിന്തുണയാൽ അല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിനെ ഒരിക്കൽ “ക്രൈസ്തവ കോൺഗ്രസ്” എന്നും വിളിച്ചിരുന്ന രാഷ്ട്രീയ പശ്ചാത്തലവും ലേഖനം ഓർമ്മിപ്പിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നോട്ടുവയ്ക്കാനുള്ള ശ്രമങ്ങളെ നേരിടാൻ ഹൈന്ദവ സമൂഹം തയ്യാറാകണമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു.

Related Articles

Back to top button