ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം….പൊലീസ് കേസെടുത്തു…ക്ഷേത്ര ഉപദേശക സമിതിക്കെതിരെ…
കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആർഎസ്എസിന്റെ ഗണഗീതം പാടിയത്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിൻ്റെ പരാതിയിൽ കടയ്ക്കൽ പൊലീസാണ് കേസെടുത്തത്.

നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതികൾ. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗാനമേളയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്ഐആറിലുള്ളത്.
കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് ഉടൻ തന്നെ ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.



