കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; ഛത്തീസ്ഗഢിലേക്ക് ബിജെപി സംഘത്തെ അയച്ചതിലും അനുകൂല നിലപാട് സ്വീകരിച്ചതിലും ആർഎസ്എസിന് അതൃപ്തി
കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി എടുത്ത നിലപാടിൽ അതൃപ്തി അറിയിച്ച് ആർഎസ്എസ്. ഛത്തീസ്ഗഢിലേക്ക് ബിജെപി സംഘത്തെ അയച്ചതിലും അനുകൂല നിലപാട് സ്വീകരിച്ചതിലുമാണ് ആർഎസ്എസിന് അതൃപ്തി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എതിർപ്പറിയിച്ച് മുതിർന്ന ആർഎസ്എസ് നേതാക്കൾ രംഗത്തെത്തി. ബജ്‌റംഗ്ദൾ സ്വതന്ത്ര സംഘടനയാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിൽ സംഘ്പരിവാർ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. രാജീവ് ചന്ദ്രശേഖർ ക്രൈസ്തവ പ്രീണനം നടത്തുന്നുവെന്നാണ് ആർഎസ്എസിന്റെ വിമർശനം.
”പറക്കണ പക്ഷി മനോഹരമാണ്, അതിനെ പിടിക്കണം. നല്ല ലക്ഷ്യമാണ്, ശരിതന്നെ. പക്ഷേ കയ്യിലുള്ളത് പറക്കാതെ നോക്കണം”- എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രതികരണം.”ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും എതിർക്കും. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണ്” എന്ന് ഹിന്ദു ഐക്യവേദി പറയുന്നു. ആകാശത്ത് പറക്കുന്ന കുരുവിയെ കിട്ടും എന്ന വ്യാമോഹത്തിൽ കക്ഷത്തിൽ ഇരിക്കുന്ന പ്രാവിനെ കളയണോ? എന്നായിരുന്നു മുൻ ഡിജിപിയും തീവ്ര ഹിന്ദുത്വ നിലപാടുകാരനുമായ ടി.പി സെൻകുമാറിന്റെ പ്രതികരണം.