‘ഭര്‍ത്താവിനെ കൊന്ന് മൃതദ്ദേഹം റോഡില്‍ കൊണ്ടിട്ടു’; ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ…

ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വയക്കര മുളപ്രയിലെ ചാക്കോച്ചനെന്ന കുഞ്ഞു മോനെ (60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ (54) കുറ്റക്കാരിയാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. എന്‍ പ്രശാന്താണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച്ച വിധിക്കും.
സ്വത്തിനെ ചൊല്ലിയുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് റോസമ്മ ചാക്കോച്ചനെ ഇരുമ്പ് പൈപ്പു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദ്ദേഹം റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. പെരിങ്ങോം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് റോഡില്‍ ചാക്കോച്ചന്റെ മുതദേഹം കണ്ടെത്തിയത്. വീട്ടില്‍ വെച്ച് ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചന്‍ പയ്യന്നൂരിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം വിധി പറയുന്ന ആദ്യ കൊലക്കേസാണിത്. കൊലപാതകസമയത്ത് ഇവരുടെ മകന്‍ സംഭവ സമയത്തുണ്ടായിരുന്നുവെങ്കിലും അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലിസ് കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ചാക്കോച്ചന്റെ പേരിലുള്ള സ്വത്ത് തനിക്ക് എഴുതി നല്‍കുന്നതിന് വേണ്ടി റോസാ മ്മ സ്ഥിരം വീട്ടില്‍ കലഹവും വാക്കേറ്റവും നടത്തിയിരുന്നുവെന്ന് കേസ് അന്വേഷണ വേളയില്‍ അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പെരിങ്ങോം പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ചാക്കോച്ചന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ചത് അപകടത്തില്‍ മരിച്ചത് വരുത്തി തീര്‍ക്കാനാണെന്ന് പൊലീസിന് തുടക്കത്തിലെ സംശയമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാരകായുധം കൊണ്ടു തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് റോസമ്മയാണ് പ്രതിയെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് കോടതിയില്‍ റോസമ്മ പറഞ്ഞത്. താന്‍ രോഗിയാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. പ്രതിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.



