കിണർ കുഴിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം, കയർപൊട്ടി താഴേക്ക് വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം ആയിരുന്നു സംഭവം. അപകടത്തിൽ ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരനുമായ രാജേഷ് എന്നീ തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്.
വ്യാഴാഴ്ച്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തൊഴിലാളികളെ കിണറിൽ നിന്നും കരയ്ക്കെത്തിച്ചു. ഉടൻ തന്നെ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.



