രോഹിത് ശര്‍മയുടെ ദുബായിലെ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടി…പരാതിയുമായി രക്ഷിതാക്കള്‍

ഇന്ത്യൻ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദുബായിലെ ക്രിക്കറ്റ് അക്കാദമി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍. ഒരുവര്‍ഷം മുമ്പ് ദുബായിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അക്കാദമി കഴിഞ്ഞ മെയ് അവസാനമാണ് അടച്ചുപൂട്ടിയത്. 2024 സെപ്റ്റംബര്‍ 24ന് തുടങ്ങിയ അക്കാദമി കെടുകാര്യസ്ഥത മൂലമാണ് അടച്ചുപൂട്ടിയതെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുപോലും നിര്‍ത്തിവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദുബായിലെ ഗ്രാസ്പോര്‍ട് സ്പോര്‍ട്സ് അക്കാദമിയായിരുന്നു രോഹിത് ശര്‍മയുയുടെ അക്കാദമിയുമായി ചേര്‍ന്ന് ക്രിക്കറ്റ് അക്കാദമിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അക്കാദമിയില്‍ 35ഓളം പേര്‍ പരിശീനം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രോഹിത് ശര്‍മയുടെ അക്കാദമി എന്നതായിരുന്നു കുട്ടികളെ അക്കാദമിയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം.