ആന മുഖ്യം ബിഗിലെ..ഇടയില്ല, കൊല്ലില്ല…എഴുന്നള്ളിപ്പിന് റോബോട്ട് ആനയെ വേണോ, സൗജന്യമായി കിട്ടും.. നൽകാൻ സന്നദ്ധത അറിയിച്ച്…
robot elephant for temple festival
ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആനതന്നെ വേണമെന്ന് ശാഠ്യംപിടിക്കുന്നവരെ സമാധാനിപ്പിച്ചുനിർത്താൻ റോബോട്ട് ആനകളുമായി തൃശ്ശൂരിലെ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്‌സും ‘പെറ്റ ഇന്ത്യ’ (പ്യൂപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഫോർ ആനിമൽ) എന്ന സന്നദ്ധസംഘവും.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിനിടെ ഉണ്ടായ ദുരന്തത്തിൽ മൂന്നുപേർ മരിക്കാനും, ഒട്ടേറെപ്പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തെത്തുടർന്നാണ്, ഭാവിയിൽ ഈ ക്ഷേത്രത്തിൽ ജീവനുള്ള ആനകളെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തില്ലെന്ന് രേഖാമൂലം അറിയിച്ചാൽ പകരം സംവിധാനമെന്നനിലയിൽ റോബോട്ട് ആനയെ നൽകാമെന്ന വാഗ്ദാനവുമായി പെറ്റ ഇന്ത്യ രംഗത്തെത്തിയത്. മൃഗങ്ങളെ സന്മാർഗികമായി ഉപയോഗപ്പെടുത്താൻ ജനങ്ങളെ ഉദ്‌ബോദിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനയാണിത്.
തൃശ്ശൂർ തിരുവമ്പാടി കുന്നത്ത് ലെയ്‌നിൽ പ്രവർത്തിക്കുന്ന ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് പെറ്റ ഇന്ത്യ റോബോട്ട് ആനകളെ ദാനമായിനൽകുക. ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് ഇക്കാര്യം അറിയിച്ചത്.
റോബോട്ട് ആനയെ വേണ്ടാത്തവർക്ക് രഥമോ, തേരോ ദാനംചെയ്യാനും പെറ്റ ഇന്ത്യ ഒരുക്കമാണ്. കണ്ണിലെ കൃഷ്ണമണി ചലിക്കുകയും ചെവിയും തുമ്പികൈയും വാലും ചലിക്കുകയുംചെയ്യുന്നതരത്തിൽ രൂപകല്പനചെയ്തിട്ടുള്ള ഫൈബർ ആനയെയാണ് പെറ്റ ഇന്ത്യ ദാനംചെയ്യുക. ഏണിവെച്ച് ആനപ്പുറത്തുകയറി നാലുപേർക്ക് ഇരിക്കാവുന്നതരത്തിലാണ് രൂപകല്പന. തിടമ്പ് വെച്ചുകെട്ടാൻ സൗകര്യമുണ്ട്. കോലം, കുട, ആലവട്ടം, വെഞ്ചാമരം എന്നിവ പിടിക്കുന്നവർക്ക് റോബോട്ട് ആനയുടെ പുറത്ത് സുഖമായി ഇരിക്കാം. തുമ്പിക്കൈയും തലയും വാലും ചെവിയും ചലിപ്പിക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള ബാറ്ററി ആളുകൾക്ക് വൈദ്യുതാഘാതം ഏൽക്കാത്തവിധത്തിലാണ് റോബോട്ട് ആനയുടെ ഉള്ളിൽ സജ്ജമാക്കുന്നത്. എട്ടുലക്ഷം രൂപയോളം ആനയ്ക്ക് ചെലവുവരും. എട്ട് ക്വിന്റൽ ആണ് തൂക്കം.
റോബോർട്ട് ആനയുടെ ആദ്യത്തെ രണ്ടുവർഷത്തെ പരിപാലന (മെയിന്റനൻസ്) ചെലവും പെറ്റ ഇന്ത്യ വഹിക്കും. ഈ റോബോട്ട് ആനയെ ചക്രംഘടിപ്പിച്ച പ്ളാറ്റ്‌ഫോം ഉപയോഗിച്ച് ഭക്തർക്ക് തള്ളിനീക്കാനും പറ്റും.
തിരുവനന്തപുരം വെങ്ങാനൂർ ബാലതൃപുരസുന്ദരി ദേവിക്ഷേത്രം, എറണാകുളം കാലടി കൈത്തളി ശിവക്ഷേത്രം, കണ്ണൂർ കണ്ണവം വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രം, തൃശ്ശൂർ ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രം, കോമ്പാറ ശ്രീകൃഷ്ണക്ഷേത്രം എന്നീ അഞ്ചുക്ഷേത്രങ്ങളിൽ പെറ്റ ഇന്ത്യ റോബോട്ട് ആനകളെ സൗജന്യമായിനൽകിയിട്ടുണ്ട്. റോബോട്ട് ആനയോ രഥമോ ആവശ്യമുള്ള ക്ഷേത്രങ്ങൾ, ആന ഉടമകൾ എന്നിവർ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സുമായി ബന്ധപ്പെടണമെന്ന് വെങ്കിടാചലം അറിയിച്ചു. ഫോൺ: 9495712811, 8700935202.




