പച്ചക്കറി കടയ്ക്കകത്ത് മൂന്നുപേർ…ഇട്ട ടീഷർട്ടിൽ മുഖംമറച്ചും അല്ലാതെയും ഏറെ നേരം…. കവർന്നത്…
തൃപ്രയാർ പാലത്തിന് സമീപത്തുള്ള പച്ചക്കറി കടയിൽ കവര്‍ച്ച. മൂന്നുപേര്‍ ചേർന്ന് പണം കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടയുടെ മുൻഭാഗത്തെ മറ മുറിച്ചുനീക്കിയാണ് ഇവര്‍ അകത്ത് കടന്നത്. ലോക്കർ തകർത്ത് 1000 രൂപയാണ് ഇവര്‍ കവർന്നത്. മുറ്റിച്ചൂർ സ്വദേശി പോക്കാക്കില്ലത്ത് മുഹമ്മദ് റാഫിയുടെ കടയിൽ നിന്നാണ് പണം നഷ്ടമായത്.
ഇന്ന് രാവിലെ കട തുറക്കാനെത്തിയ ഉടമ മുഹമ്മദ് റാഫി തന്നെയാണ് കവര്‍ച്ചാ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂന്ന് പേർ ചേർന്നാണ് കടക്കുള്ളിൽ കവര്‍ച്ചയ്ക്കായി എത്തിയതെന്ന് വ്യക്തമായത്. മുഖം മറച്ചെത്തിയവരുടെ ദൃശ്യങ്ങൾ അടക്കം ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളിൽ ചിലരുടെ മുഖം മറയ്ക്കാതെയുള്ള ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മോഷണത്തിനെത്തിയ മൂന്നുപേരും കാഴ്ചയിൽ ചെറുപ്പക്കാരാണ്. കടയിൽ ആകെ കറങ്ങി നടന്ന് പണം തിരഞ്ഞെങ്കിലും കിട്ടിയ ആയിരം രൂപയുമായി ഒടുവിൽ മടങ്ങുകയായിരുന്നു. കടയിലുണ്ടായിരുന്ന മറ്റ് പച്ചക്കറികളൊന്നും ഇവര്‍ എടുത്തിട്ടില്ലെന്നും അന്തിക്കാട് പൊലീസിൽ പരാതി നൽകിയതായി റാഫി പറഞ്ഞു.
ഇത് ആദ്യമായല്ല മുഹമ്മദ് റാഫിയുടെ കടയിൽ കള്ളൻ കയറുന്നത്. മുൻപ് പലവട്ടം കള്ളൻ കയറിയിട്ടുണ്ട്. ഒന്നരവർഷം മുൻപ് കള്ളൻ കയറിയപ്പോൾ 10000 രൂപയാണ് റാഫിക്ക് നഷ്ടമായത്. ആ സംഭവത്തിൽ പ്രതിയെ വലപ്പാട് പൊലീസ് പിടികൂടിയിരുന്നു. തൃപ്രയാറിലെ മറ്റു പല സ്ഥാപനങ്ങളിലും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിലായപ്പോഴായിരുന്നു റാഫിയുടെ പച്ചക്കറി കടയിലും മോഷണം നടത്തിയതായി തെളിഞ്ഞത്.
തൃപ്രയാർ – തൃശൂർ റോഡരികിൽ ഇരുപത് വർഷമായി കച്ചവടം ചെയ്യുന്നുണ്ട് റാഫി. കടയുമായി നല്ല പരിചയമുള്ള ആളുകൾ ആളുകളാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. കേസെടുത്ത് അന്വേഷണം ആരംഭിച്ച അന്തിക്കാട് പോലീസ്’ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.