ഓപ്പറേഷൻ സിന്ദൂറിനെതിരേ വിമർശനം… റിജാസ് സൈദീക്ക് ഡാർക്‌വെബിൽ സജീവം…
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുന്നയിച്ചതിനെ തുടർന്ന് അറസ്റ്റിലായ മലയാളി റിജാസ് സൈദീക്ക് ഡാർക്‌വെബിൽ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര എടിഎസ് പറഞ്ഞു.
റിജാസ് ഡാർക്‌വെബിൽ നിരന്തരം പ്രകോപനപരമായ പോസ്റ്റുകളിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് ഇന്റർനെറ്റ് ഉപയോഗമായിരുന്നു ഇയാൾ പിന്തുടർന്നിരുന്നതെന്നാണ് വിവരം. ഒരു തോക്ക് കട സന്ദർശിച്ച ശേഷം ഇവിടെനിന്ന് കൈയിൽ തോക്കേന്തി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തവയിൽ ഉൾപ്പെടുന്നതായും അന്വേഷണസംഘം പറയുന്നു. രണ്ട് ദിവസത്തേക്കുകൂടി ഇയാളുടെ കസ്റ്റഡി നീട്ടിയിട്ടുണ്ട്.
മേയ് ഏഴിനായിരുന്നു നാഗ്പുരിലെ ഹോട്ടലിൽനിന്ന് റിജാസിനേയും നിയമവിദ്യാർത്ഥിനിയായ സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. സംഭവത്തിൽ റിജാസിന്റെ കൊച്ചിയിലെ വീട്ടിലെത്തി എടിഎസ് പരിശോധന നടത്തിയിരുന്നു. നാഗ്പൂർ പോലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പോലീസും സംയുക്തമായാണ് റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തിയത്.
റിജാസിന്റെ വീട്ടിൽനിന്ന് മഹാരാഷ്ട്ര പോലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. പെൻഡ്രൈവുകളും ഫോണും പുസ്തകങ്ങളുമടക്കം പരിശോധനയിൽ കണ്ടെടുത്തു. അന്വേഷണസംഘം ഇവ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഇയാൾക്കെതിരേ യുഎപിഎ ചുമത്തിയിരുന്നു.