കടയ്ക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം; പ്രതികരണവുമായി ഗായകൻ അലോഷി ആദം…
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയ ഗാനമേളയിൽ വിപ്ലഗാനം പാടിയതിൽ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അംഗീകരിക്കാനാകാത്ത കാര്യമെന്നും ദേവസ്വം വിജലിന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണര്‍ക്ക് പരാതി നൽകി.
അതേസമയം, വിവാദത്തിൽ പ്രതികരണവുമായി ഗായകൻ അലോഷി ആദം രംഗത്തെത്തി. പരിപാടിയിൽ പങ്കെടുക്കാത്തവരാണ് വിവാദമുണ്ടാക്കുന്നുതെന്ന് ഗായകൻ അലോഷി പറഞ്ഞു. കാണികളുടെ ആവശ്യ പ്രകാരമാണ് പാട്ടുകൾ പാടിയതെന്നും എല്ലാവരും കൂടെ ചേർന്ന് പാടുകയും കയ്യടിക്കുകയും ചെയ്തുവെന്നും അലോഷി ആദം പറഞ്ഞു. അവിടെയുള്ളവരെല്ലാം നന്നായി ആസ്വദിച്ചു.
പരിപാടിയിൽ പങ്കെടുക്കാത്തവരാണ് വിവാദം ഉണ്ടാക്കുന്നത്. എന്നിൽ നിന്ന് ആസ്വാദകർ പ്രതീക്ഷിക്കുന്ന ചില പാട്ടുകൾ ഉണ്ട്. ആ പാട്ടുകളൊക്കെ പാടി. അവിടെ ഉണ്ടായിരുന്ന എൽഇഡി ഓപ്പറേറ്റർ പാട്ടിന് ഉചിതമായ ചിത്രങ്ങൾ പിന്നണിയിൽ കാണിച്ചതാവാം. അതിനെ കുറിച്ച് തനിക്ക് അറിയില്ല. പാർട്ടിക്കാർ മാത്രമല്ല തൻറെ പാട്ടുകൾ ആസ്വദിക്കുന്നത്. ലീഗുകാർ പോലും 100 പൂക്കളെ പാട്ട് പാടാൻ പറഞ്ഞിട്ടുണ്ടെന്നും അലോഷി ആദം പറഞ്ഞു.