ഉച്ചഭക്ഷണം ഇനി ഉഷാറാകും.. നാളെ മുതല്‍ സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണമെനു..
സ്ഥിരം സാമ്പാറും തോരനുമൊക്കെയായിരുന്ന സ്‌കൂള്‍ ഉച്ചഭക്ഷണം നാളെ മുതൽ പുതിയ മെനുവിലേക്ക്. വെള്ളിയാഴ്ച ഉച്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു നൽകി തുടങ്ങും. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കുട്ടികൾക്ക് നൽകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും നൽകണമെന്ന് നിർദേശമുണ്ട്. ബാക്കി ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ നൽകും.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഉച്ചഭക്ഷണം നൽകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ മെനുവിൽ ഉൾപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയത്.
വിഭവങ്ങള്‍ ഇങ്ങനെ;
*ആഴ്ചയിലൊരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഭവം.
*അതിനൊപ്പം വെജിറ്റബിള്‍ കറിയോ കുറുമയോ കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്തുള്ള ചമ്മന്തി.
*പയറുവര്‍ഗങ്ങള്‍ക്കുപുറമേ, ചീര, മുരിങ്ങ, ചക്കക്കുരു, വാഴക്കൂമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ വിഭവങ്ങള്‍.
*സാമ്പാര്‍, അവിയല്‍, പരിപ്പ് കറി, പൈനാപ്പിള്‍ പുളിശ്ശേരി, പനീര്‍, വെണ്ടക്ക മപ്പാസ്, സോയ, ബീറ്റ്‌റൂട്ട്, വെള്ളരിക്ക തുടങ്ങിയവ തുടരും.
*പ്രത്യേക വിഭവങ്ങളായി റാഗി ബാള്‍സ്, റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിര്‍ത്തത്, റാഗിയോ മറ്റു ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസം എന്നിവ.