ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം….ബിജെപി നടത്തിയ പ്രതിഷേധത്തിൽ കയ്യാങ്കളി…

ന്യൂഡെൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ ബിജെപിയുടെ പ്രതിഷേധം കയ്യാങ്കളിയിലെത്തി. ഇതെത്തുടർന്ന് സ്പീക്കർ അബ്ദുൾ റഹീം റാത്തർ മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കി. എന്നാൽ സഭയിലുണ്ടായിരുന്ന മറ്റ് പ്രതിപക്ഷ അംഗങ്ങൾ കൂടി എതിർപ്പു പ്രകടമാക്കിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതോടെ സ്പീക്കർ ഇന്നത്തേക്ക് സഭ നിർത്തിവച്ചു.

കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചതോടെ നിയമസഭ സമ്മേളിച്ചയുടൻ തന്നെ ബഹളം തുടങ്ങിയിരുന്നു. ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ പ്രമേയത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ, അവാമി ഇത്തേഹാദ് പാർട്ടി നേതാവും ലംഗേറ്റിൽ നിന്നുള്ള എം.എൽ.എയുമായ ഷെയ്ഖ് ഖുർഷീദ് “ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണം” എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു. ഇതോടെ പ്രകോപിതരായ ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലേയ്ക്ക് ഇറങ്ങുകയും ബാനർ തട്ടിയെടുത്ത് കീറിമുറിക്കുകയും ചെയ്തു. ബഹളം ശമിപ്പിക്കാൻ സ്പീക്കർക്ക് 15 മിനിറ്റോളം സഭ നിർത്തിവെയ്ക്കേണ്ടി വന്നു. എന്നാൽ, സഭ നിർത്തിവെച്ച ശേഷവും ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു.

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയുടെയും ഭരണഘടനാ സംരക്ഷണത്തിൻ്റെയും പ്രാധാന്യം നിയമസഭ വീണ്ടും ഉറപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ദേശീയ ഐക്യത്തെയും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങളെയും മാനിക്കുന്ന വിധത്തിൽ ഇവ പുനഃസ്ഥാപിക്കണം. ഇതിനായി ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Related Articles

Back to top button