അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം.. മെസി എത്തില്ല…

മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം. അര്‍ജന്റീന ടീമിന്റെ കേരളത്തിലെ മത്സരം റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന പുരുഷ ഫുട്‌ബോള്‍ ടീമിന്റെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് ജനപ്രിയ സ്പാനിഷ് ഭാഷാ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 10-18) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ മത്സരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ (എഎഫ്എ) റിപ്പോര്‍ട്ടിലാണ് ലാ നാസിയോണിന്റെ പരാമര്‍ശം.നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചത്. ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്. ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍.കേരള അധികൃതരുമായുള്ള കരാറില്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായതായും ഇക്കാരണത്താല്‍ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ താത്കാലികമായി നിര്‍ത്താന്‍ എഎഫ്എയെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.നവംബറില്‍ മത്സരം നടത്താന്‍ സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യയിലേക്ക് മത്സരം നടക്കുന്ന സ്റ്റേഡിയം, ഹോട്ടലുകള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം പോലും പോയി. എന്നാല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles

Back to top button