വന്ദേഭാരതിന് കടന്നുപോകാൻ ഗേറ്റ് അടഞ്ഞു, മുഹമ്മദിനെ മാറോടണച്ച് ഷാക്കിർ റെയിൽപാളം മുറിച്ചുകടന്ന് ഓടി…

അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് മുഹമ്മദിനെ മാറോടണച്ച് ഷാക്കിർ ഓടുന്ന കാഴ്ച കണ്ടുനിന്നവരുടെ നോവായിരുന്നു. ഒരു ജീവൻ രക്ഷിക്കാൻ ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ശ്രമം. പക്ഷേ, വെറുതെയായി. മുഹമ്മദിനെ രക്ഷിക്കാനായില്ല.

വലിയപറമ്പ് ബീരാൻകടവ് ബോട്ടുജെട്ടിക്ക് സമീപം ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഇ.എം.ബി.മുഹമ്മദി(13)നെ തൃക്കരിപ്പൂരിലെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആസ്പത്രിയിലേക്ക് കുതിക്കുമ്പോൾ വെള്ളാപ്പിലെ റെയിൽവേ ഗേറ്റ് അടഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാസർകോട് ഭാഗത്തേക്കുള്ള വന്ദേഭാരതിനുവേണ്ടിയാണ് ഗേറ്റടച്ചത്. തുറക്കാൻ സമയമെടുക്കുമെന്ന് കണ്ടതോടെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽനിന്ന്‌ കുട്ടിയെ വാരിയെടുത്ത് തൃക്കരിപ്പൂരിലെ പ്രാദേശിക ടിവി ചാനലായ ടിസിഎന്നിന്റെ ക്യാമറാമാൻ എ.ജി.ഷാക്കിർ ഓടി. പിന്നാലെ അഗ്നിരക്ഷാസേനാ ജീവനക്കാരും നാട്ടുകാരും. മറുഭാഗത്തെ ഗേറ്റിനു പുറത്ത് നാട്ടുകാർ കുട്ടിയെ ഏറ്റുവാങ്ങി ഓട്ടോയിൽ കയറ്റി ആസ്പത്രിയിലെത്തിച്ചു. നാട് മുഴുവൻ ഒരുനിമിഷം ഒരുപോലെ പ്രാർഥിച്ചു. പക്ഷേ മുഹമ്മദ് മരിച്ചിരുന്നു. അഞ്ചുമിനി​റ്റോളം റെയിൽവേ ഗേറ്റിൽ നഷ്ടപ്പെട്ടു. ഗേറ്റ് അടഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷേ രക്ഷിക്കാനാകുമായിരുന്നെന്ന് ചിലരെങ്കിലും കരുതുന്നു. സ്വന്തം ജീവൻ അവഗണിച്ച് ഓടിയിട്ടും രക്ഷിക്കാനായില്ലല്ലോ എന്ന നിരാശയായിരുന്നു ഷാക്കിറിന്.

കുട്ടി അപകടത്തിൽപ്പെട്ട വിവരം ശേഖരിക്കാൻ ബീരാൻകടവിലേക്ക് പോകുകയായിരുന്നു ഷാക്കിർ. ഇടയിലക്കാട്ടെത്തിയപ്പോഴേക്കും കുട്ടിയെ കിട്ടിയതായി വിവരം ലഭിച്ചു. തിരികെ തൃക്കരിപ്പൂരിലേക്ക് പോകാൻ വെള്ളാപ്പ് റെയിൽവേ ഗേറ്റിനടുത്തെത്തിയപ്പോൾ ഗേറ്റ് അടക്കുന്ന സമയമാണെന്ന് മനസ്സിലായി. അപകടത്തിൽപ്പെട്ട കുട്ടിയെയുംകൊണ്ട്‌ വരുന്നുണ്ടെന്നും അടക്കരുതെന്നും ഷാക്കിർ ഗേറ്റ്മാനോട് അഭ്യർഥിച്ചു. പക്ഷേ വന്ദേഭാരതായതിനാൽ തുറക്കാനാകില്ലെന്ന് ക്ഷമാപണത്തോടെ ഗേറ്റ്‌മാൻ പറഞ്ഞു. ഗേറ്റിന്റെ മറുഭാഗത്ത് ഒരു കുടുംബം ഓട്ടോറിക്ഷയിൽ വരുന്നുണ്ടായിരുന്നു. വിവരം പറഞ്ഞ് അവരെ അതിൽനിന്ന് ഇറക്കി ഷാക്കിർ ഓട്ടോ തയ്യാറാക്കിനിർത്തി. അപ്പോഴേക്കും അഗ്നിരക്ഷാസേനയുടെ വാഹനമെത്തി. ഇതോടെ കുട്ടിയെ എടുത്ത് മറുഭാഗത്തേക്ക് കുതിക്കുകയായിരുന്നു. വലിയപറമ്പ് ബീച്ചാര കടപ്പുറം സ്വദേശിയാണ് ഷാക്കിർ.

Related Articles

Back to top button