വാടകയ്ക്ക് താമസിക്കും, തെണ്ടിയിട്ടാണെങ്കിലും കാശ് കൊടുക്കും; രേണു സുധി
വീടുമായും മകൻ കിച്ചുവിന്റെ വ്ളോഗുമായും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കെഎച്ച്ഡിഇസി എന്ന സംഘടനയാണ് രേണുവിനും മക്കൾക്കുമായി വീട് നിർമിച്ച് നൽകിയത്. ഈ വീടിന് ചെറിയ ചോർച്ചയുള്ളതായും രേണു കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ രേണുവിന്റെ വാദങ്ങളെല്ലാം എതിർത്ത് ഗൃഹനിർമാതാക്കൾ രംഗത്തു വരികയും വീടിന്റെ മെയിന്റനൻസ് പണികൾക്കു പോലും രേണുവിന്റെ പിതാവ് വിളിക്കുന്നതായി പരാതി പറയുകയും ചെയ്തിരുന്നു.
ഇതിനിടെ, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചുവിന്റെ വ്ളോഗ് വൈറലാകുകയും രേണുവിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. വീഡിയോയിൽ കൊല്ലം സുധിക്കു കിട്ടിയ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതായും കാണാമായിരുന്നു. രേണുവിനു ലഭിച്ച അവാർഡുകൾ മേശപ്പുറത്ത് വെച്ചിരിക്കുന്നതും കാണാമായിരുന്നു. ഇളയ മകൻ നശിപ്പിക്കാതിരിക്കാൻ അവാർഡുകൾ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നൽകിയ വിശദീകരണം. തന്റെ വീട്ടിൽ ഒരു സാധനം വെക്കണമെങ്കിൽ പലരേയും ബോധിപ്പിക്കേണ്ട അവസ്ഥയാണെന്നും മെയിൻ സ്ട്രീം വണ്ണിനു നൽകിയ അഭിമുഖത്തിൽ രേണു പറയുന്നു.
തന്നെ വിളിച്ചിട്ടാണ് കിച്ചു വീട്ടിൽ വന്നതെന്നും വീട്ടിലുണ്ടാകില്ലെന്ന് താൻ അറിയിച്ചിരുന്നതായും രേണു കൂട്ടിച്ചേർത്തു. ”പുരസ്കാരങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ തട്ടുംപുറമോ ഷെൽഫോ ഈ വീട്ടിൽ ഇല്ല. ചില അവാർഡുകൾ പഴയ വീട്ടിൽ വെച്ച് തന്നെ ഇളകിയിരുന്നു. എല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പിന്നെ എന്ത് കളഞ്ഞുവെന്നാണ് ഇവർ പറയുന്നത്”, എന്നും രേണു ചോദിക്കുന്നു. വാടകയ്ക്ക് താമസിക്കുന്നതിനെക്കുറിച്ചു പോലും താനിപ്പോൾ ആലോചിക്കുന്നതായും രേണു പറയുന്നു. കേട്ടുകേട്ട് മടുത്തു. തെണ്ടിയിട്ടാണെങ്കിലും വാടക കൊടുക്കും. ഇതിന് മുമ്പ് താമസിച്ചിരുന്നതും വാടകയ്ക്കായിരുന്നുവെന്നും രേണു കൂട്ടിച്ചേർത്തു



