രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികൻ കേണൽ ജോജൻ തോമസിനെ അനുസ്മരിച്ചു….
കൊച്ചി: രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികൻ കേണൽ ജോജൻ തോമസിന്റെ 60-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കൊച്ചി ബോൾഗാട്ടി പാലസിൽ ‘സ്മൃതി’ എന്ന പേരിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബീന തോമസ്, അടുത്ത കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ആരാധകർ എന്നിവർ ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.
2008 ഓഗസ്റ്റ് 22-ന് ജമ്മു കശ്മീരിലെ കുപ്വാരയിലെ മാച്ചൽ സെക്ടറിൽ നടന്ന ഭീകരവിരുദ്ധ പോരാട്ടത്തിലാണ് കേണൽ ജോജൻ വീരമൃത്യു വരിച്ചത്. ആ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ ഒറ്റയ്ക്ക് വകവരുത്തിയ അദ്ദേഹം 45 രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു. മരണാനന്തരം അശോകചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1986 മാർച്ചിൽ ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമെന്റിൽ (11 JAT) കമ്മീഷൻ ചെയ്യപ്പെട്ട കേണൽ ജോജൻ തിരുവല്ലയിലെ കുട്ടൂർ ഗ്രാമവാസിയാണ്.

