‘യു പ്രതിഭയ്‌ക്കെതിരായ പരാമർശം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം’… ഇർഷാദിനെതിരെ കേസെടുക്കാൻ നിർദേശം നൽകി കളക്ടർ

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എ ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇര്‍ഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നാണ് വിലയിരുത്തല്‍. അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്താനും കളക്ടര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് ‘യു പ്രതിഭ ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന്’ എ ഇര്‍ഷാദ് വിവാദ പ്രസ്താവന നടത്തിയത് . വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്നില പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം.

എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ എ ഇര്‍ഷാദിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എ ഇര്‍ഷാദിനെ നീക്കുകയും പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇര്‍ഷാദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു യു പ്രതിഭയുടെ പ്രതികരണം. വൈകാരികമായിട്ടായിരുന്നു വിഷയത്തില്‍ യു പ്രതിഭ പ്രതികരിച്ചത്. ‘പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടി. ഇപ്പോഴും മനസ്സില്‍ വേദനയുണ്ട്. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും’ എന്നും പ്രതിഭ പ്രതികരിച്ചിരുന്നു.

Related Articles

Back to top button