രാഹുൽ ഗാന്ധിക്കെതിരെയുണ്ടായ വധഭീഷണി.. ഇന്ന് പ്രതിപക്ഷം നിയമസഭയിൽ നടത്തിയത് രാഷ്ട്രീയ നാടകം..

ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രവർത്തകനായ പ്രിന്റു മഹാദേവൻ വധഭീഷണി മുഴക്കിയ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതെന്ന് മന്ത്രി എം ബി രാജേഷ്. അതേസമയം വിഷയത്തിൽ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ നടത്തിയത് നാടകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്ക് നേരെ കൊലവിളി പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് ആണ് പോലീസിൽ പരാതി നൽകിയത്. പരാതി കിട്ടിയ ഉടൻ തന്നെ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. മറ്റൊരു പരാതിക്കാരനെ സമീപിച്ചപ്പോൾ തുടർനടപടിക്ക് താൽപര്യമില്ല എന്നായിരുന്നു അയാൾ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ നടത്തിയത് നാടകമാണെന്നും മന്ത്രി പറഞ്ഞു. വിഷയം പ്രതിപക്ഷം ഗൗരവത്തിൽ കണ്ടിരുന്നെങ്കിൽ ഇന്നലെ തന്നെ അടിയന്തരപ്രമേയം ഉന്നയിക്കാമായിരുന്നല്ലോ എന്നും മന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് ഇന്നലെ അടിയന്തര പ്രമേയം ഉന്നയിക്കാതിരുന്നത്?. യു പ്രതിഭ എംഎൽഎ ഇന്നലെ എന്തുകൊണ്ട് പരാതി നൽകുന്നില്ല എന്ന് നിയമസഭയിൽ ചോദിച്ചതിന് ശേഷമാണ് പരാതി പോലും വന്നത്. നാല് ദിവസത്തിന് ശേഷമാണ് പ്രകോപനകരമായി പ്രതിപക്ഷം പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ വധഭീഷണി പരാമർശത്തിൽ പ്രതികരിക്കാൻ കോൺഗ്രസിന് നാല് ദിവസം വേണ്ടിവന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തങ്ങൾക്ക് ഇതിൽ ഒരു സന്തോഷമുണ്ട്. ആദ്യമായി പ്രതിപക്ഷ നേതാവും കോൺഗ്രസും ആർഎസ്എസിനെതിരെ വാ തുറന്നു. വലിയ സമ്മർദ്ദത്തിന് വിധേയമായിട്ടാണ് ഇന്നെങ്കിലും ഈ പ്രശ്‌നം അവർ ഉന്നയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചാനൽ ചർച്ചയ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രവർത്തകനായ പ്രിന്റു മഹാദേവൻ വധഭീഷണി മുഴക്കിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ തള്ളിയിരുന്നു . പിന്നാലെ കോൺഗ്രസ് നേതാക്കൾ സഭയിൽ ബഹളമുണ്ടാക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തു.

അപ്രധാനമായ വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സ്പീക്കർ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് അവതരിപ്പിക്കാൻ സമ്മതം നൽകാതിരുന്നത്. സ്പീക്കറുടെ പരാമർശത്തിനെതിരെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിക്കുകയായിരുന്നു. ബഹളത്തെ തുടർന്നു സഭ ഇന്നത്തേക്കു പിരിഞ്ഞു. സഭയിൽ ഉന്നയിക്കാൻ തക്ക പ്രാധാന്യമോ അടിയന്തരസ്വഭാവമോ ഇക്കാര്യത്തിൽ ഇല്ലെന്ന് സ്പീക്കർ പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സണ്ണി ജോസഫിന് വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവിന് നേരെയുണ്ടായ വധഭീഷണി കേസ് നിസ്സാരമാണെന്ന് സ്പീക്കർ പറഞ്ഞതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പരാമർശത്തിന് സർക്കാർ മറുപടി പറയണം. ബിജെപി നേതാവിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ പറഞ്ഞു. എന്നാൽ, ചാനൽ ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ സഭയിൽ പറയാൻ പറ്റുമോ എന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ, പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭയിൽ ബഹളമുണ്ടാക്കി.

സഭയിൽ നിന്നും പ്രതിഷേധിച്ച് പുറത്തുവന്ന ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇന്നലെ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. പരാതികൾ ഇല്ല എന്ന് ഒരു സിപിഐഎം അംഗം പറഞ്ഞു. പരാതികൾ മുഴുവൻ തങ്ങൾ ഉയർത്തി. കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകളാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Related Articles

Back to top button