രഞ്ജിത്തിന് ആശ്വാസം…. നടി നൽകിയ പീഡന പരാതിയിൽ കോടതി ജാമ്യം അനുവദിച്ചു…

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്. സിനിമ മേഖലയിലുള്ളവരാണ് കേസിലെ പ്രധാന സാക്ഷികളെന്നും, രഞ്ജിത്തിന് ജാമ്യം നൽകിയാൽ ഇവരെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

എന്നാൽ താൻ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്നത് അന്വേഷണത്തോട് സഹകരിക്കാതിരിക്കലല്ലെന്നും, സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം കോടതിക്ക് ഉറപ്പുനൽകി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കൃത്യമായ മരുന്നുകൾ കഴിക്കുന്നുണ്ടെന്നും രഞ്ജിത്ത് കോടതിയിൽ ബോധിപ്പിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കാരവാനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയിൽ കൂടുതൽ അന്വേഷണം വരും ദിവസങ്ങളിൽ തുടരും.

Related Articles

Back to top button