നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവിന് പനി…
നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ടിരുന്നു. രോഗലക്ഷണം കണ്ടതിന് ശേഷം യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചു. ഇതോടെ യുവതിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയായിരുന്നു പുറത്തുവന്നത്. ഇതും പോസിറ്റീവായിരുന്നു. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 91 പേരുള്ളതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്ന വിവരം
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിലെ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ട്. പ്രദേശത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.