പോസ്റ്റ്‌മോർട്ടത്തിലെ വിവരങ്ങൾ നിർണായകമായി.. പീഡനം നടന്നത് വീടിനുള്ളിൽ.. ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി…
മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി പൊട്ടിക്കരഞ്ഞ്‌കൊണ്ട് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ കേസിൽ നിർണ്ണായകമായി. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു.നിരന്തരമായി നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയെ കുടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.