ചുവന്ന കടല്‍ത്തിര: കാരണം തുടര്‍ച്ചയായ മഴയും പാരിസ്ഥിതിക വ്യതിയാനങ്ങളും…
തുടര്‍ച്ചയായ മണ്‍സൂണ്‍ മഴയില്‍ കരയില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് കേരളത്തിന്റെ തീരങ്ങളില്‍ ചുവന്ന കടല്‍ത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിന് കാരണമാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം.കനത്ത മണ്‍സൂണ്‍ നീരൊഴുക്ക് തീരക്കടലുകളെ പോഷകസമ്പുഷ്ടമാക്കുന്നു. ഇത് കാരണം നൊക്റ്റിലൂക്ക സിന്റിലാന്‍സ് എന്ന ഡൈനോഫ്ളാജെലേറ്റ് മൈക്രോ ആല്‍ഗ പെരുകുന്നതിനാലാണ് (ബ്ലൂം) ഈ പ്രതിഭാസം പ്രകടമാകുന്നത്. തീരങ്ങളില്‍ മാത്രമല്ല, കരയില്‍ നിന്നും 40 കിലോമീറ്റര്‍ ഉള്ളില്‍ ഏകദേശം 40 മീറ്റര്‍ ആഴമുള്ള കടലിലും ചുവന്നതിര പ്രതിഭാസമുണ്ടെന്ന്് സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്സിറ്റി ആന്റ് എണ്‍വയോണ്‍മെന്റ് മാനേജ്മെന്റ് വിഭാഗം നടത്തിയ ഫീല്‍ഡ് സര്‍വേയില്‍ കണ്ടെത്തി. രാത്രികാലങ്ങളില്‍ ചുവന്നതിരകള്‍ കവര് (ബയോലൂമിനസ്സെന്‍സ്) എന്ന പ്രതിഭാസം പ്രകടമാക്കുന്നു.
ഈ സൂക്ഷ്മ പ്ലവകങ്ങള്‍ വെള്ളത്തിന് ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം നല്‍കുന്നു. ആഗസ്ത് ആദ്യം മുതല്‍ കൊയിലാണ്ടി, ചാവക്കാട്, എടക്കഴിയൂര്‍, നാട്ടിക, ഫോര്‍ട്ട് കൊച്ചി, പുത്തന്‍തോട്, പുറക്കാട്, പൊഴിക്കര എന്നിവയുള്‍പ്പെടെ നിരവധി ബീച്ചുകളില്‍ നിന്ന് ബയോലൂമിനസെന്റ് റെഡ് ടൈഡുകള്‍ ദൃശ്യമായിരുന്നു.