തിരുവനന്തപുരത്ത് സിപിഎമ്മിൽ വിമതപ്പട….കടകംപള്ളിക്കെതിരെ ആരോപണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനം നിലനിർത്താൻ ലക്ഷ്യമിടുന്ന എൽഡിഎഫിന് തിരിച്ചടി. വിമത സ്വരമുയർത്തി രണ്ട് സിപിഎം പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമാണ് വിമത നീക്കം.
സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് വിമത സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതാക്കൾ രംഗത്ത് വന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനും മുൻ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനനുമാണ് വിമതരായി മത്സരിക്കാൻ ഒരുങ്ങുന്നത്. ഉള്ളൂരിലും പാർട്ടി അംഗം സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കും.
ചെമ്പഴന്തിയിൽ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രനും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലാണെന്ന് ആനി അശോകൻ കുറ്റപ്പെടുത്തുന്നു. പഴയ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു ഇവർ. 2004 മുതൽ 2010 വരെ പ്രസിഡൻ്റായി പ്രവർത്തിച്ചു. ചെമ്പഴന്തി സിപിഎം ലോക്കൽ കമ്മിറ്റിയംഗമാണ് ഇവർ.
ഇത്തവണ കോർപറേഷനിലേക്ക് മത്സരിക്കാൻ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ആനി സ്വതന്ത്രയായി മത്സരിക്കാൻ ഒരുങ്ങുന്നത്. ഷീലാ മോഹനനാണ് ഡിവിഷനിലെ പാർടി സ്ഥാനാർത്ഥി. ഈ സ്ഥാനാർത്ഥിയെ പ്രദേശത്ത് ആർക്കും പരിചയമില്ല. കടകംപള്ളി സുരേന്ദ്രൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല വാർഡുകളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കടകംപള്ളിക്ക് വോട്ട് കൂടിയതിൻ്റെ കാരണം ഇതാണെന്നും അവർ വിമർശിച്ചു.


