കോഹ്‌ലി റിയൽ ഹീറോ! സൺറൈസേഴ്‌സിനെ തകർത്ത് ആർസിബി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ആർസിബിയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്.

സ്കോർ: സൺറൈസേഴ്‌സ് ഹൈദരാബാദ് – 20 ഓവറിൽ 201/9, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു- 15.4 ഓവറിൽ 203/4.

202 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന്റെ തുടക്കം പാളി. 7 പന്തിൽ 8 റൺസെടുത്ത ഫിൽ സാൾട്ടിനെ യദേവ് ഉനദ്കട്ട് പുറത്താക്കി. തൊട്ട് പിന്നാലെ ഗ്രൗണ്ടിലെത്തിയ ദേവ്ദത്ത് പടിക്കൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 26 പന്തിൽ 61 റൺസ് ആണ് പടിക്കൽ അടിച്ചെടുത്തത്. 7 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒടുവിൽ ഹർഷ് ദുബെ താരത്തെ പുറത്താക്കി. പിന്നീട്, ആർസിബി ക്യാപ്റ്റൻ രജത് പടിദാറിന്റെ കാമിയോ റോൾ ആയിരുന്നു. 12 പന്തിൽ 31 റൺസ് ആണ് താരം അടിച്ചെടുത്തത്.

എന്നാൽ, ഡേവിഡ് പെയിൻ എറിഞ്ഞ 12മത്തെ ഓവറിൽ കാര്യങ്ങൾ മാറി മറഞ്ഞു. 12.2 ഓവറിൽ പടിദാറിനെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ തന്നെ ജിതേഷ് ശർമയും പുറത്തായതോടെ ബംഗളൂരു സമ്മർദ്ദത്തിലായി. പിന്നീട് കോഹ്‌ലിയുടെ ഊഴമായിരുന്നു. കരുതലോടെ ബൗളർമാരെ നേരിട്ട കോഹ്‌ലി 33 പന്തിൽ അർധ സെഞ്ച്വറി നേടി. തുടർന്നും ഹൈദരാബാദ് ബൗളർമാരെ ആക്രമിച്ചു കളിച്ച കോഹ്‌ലിയുടെ ബലത്തിൽ ആർസിബി 15.4 ഓവറിൽ ലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇഷാൻ കിഷൻ, അനികേത് വർമ എന്നിവരുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് 201 റൺസ് നേടിയത്. അനികേത് വർമ 17 ബൗളിൽ 43 റൺസും ഇഷാൻ 38 പന്തിൽ 80 റൺസ് നേടിയിരുന്നു. ബംഗളൂരുവിന് വേണ്ടി ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button